തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. രജിസ്ട്രാർക്ക് പദവിയിൽ തുടരാമെന്നും അതിന് തടസമില്ലെന്നും മന്ത്രി പ്രതികരിച്ചു.
വിസിയുടേത് അധികാര ദുർവിനിയോഗമാണ്. നിയമോപദേശം തേടിയ ശേഷം സർക്കാർ കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍വകലാശാലകളില്‍ കാവിവത്കരണ അജണ്ട നടപ്പാക്കാനാണ് ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ സര്‍വകലാശാലകളിലും കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.